തൃശൂർ: മഴ കനത്തതോടെ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഈ സാഹചര്യത്തിൽ ഡാം തുറക്കുന്നതിന് മുന്നോടിയായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടി തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം നൽകി.
424 മീറ്ററാണ് ഡാമിന്റെ സഭരണശേഷി. 423 മീറ്ററായതോടുകൂടിയാണ് ഡാമിൽ അലർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്നാൽ വെള്ളമെത്തുന്നത് ചാലക്കുടി പുഴയിലേക്കാണ്.
ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തിയാൽ ആറങ്ങാലി എന്ന പ്രദേശത്തേക്കാണ് ആദ്യം വെള്ളം എത്തുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തിപ്പെടുകയാണെങ്കിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
സംസ്ഥനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
Comments