ഇസ്ലാമാബാദ്: അജ്ഞാതന്റെ വെടിയേറ്റ് പാക് സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാകിസ്താനിലെ പബ്ലിക് സർവീസ് കമ്മീഷൻ ഡയറക്ടർ ഇർഷദ് ഖാനാണ് കൊല്ലപ്പെട്ടത്. സർക്കാർ വാഹനത്തിൽ പെഷവാറിലെ ഓഫീസിലേക്ക് പോകുംവഴിയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെഷവാറിലെ സ്‌ഫോടന പരമ്പരകൾക്കിടയിലാണ് സർക്കാർ ഉദ്യോഗസ്ഥന്റെ മരണമെന്നത് കൊണ്ട് തന്നെ ലക്ഷ്യംവെച്ചുള്ള കൊലപാതകമോ ഭീകരാക്രമണമോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം. അടുത്തിടെ സമാനരീതിയിൽ പെഷവാറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രദേശവാസിക്കും പരിക്കേറ്റിരുന്നു.
പെഷവാറിൽ സ്‌ഫോടനങ്ങൾ തുടർക്കഥയാകുകയാണ്. വടക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ പെഷവാറിൽ അർദ്ധസൈനിക സേനയുടെ വാഹനത്തിന് സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ അക്രമിയെ വധിച്ചതായി പോലീസ് പറഞ്ഞു. ജിഹാദി ഗ്രൂപ്പായ തെഹ്രീകെ ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏഴ് പേരുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞത്. കഴിഞ്ഞയാഴ്ച ബലുചീസ്ഥാനിലും ജിഹാദി ആക്രമണം നടന്നിരുന്നു.
Comments