മുംബൈ: മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോപാതയുടെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാകുന്നു. 33,000 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന മുംബൈ അണ്ടർഗ്രൗണ്ട് മെട്രോ പദ്ധതി നഗരത്തിലെ തന്നെ ആദ്യ പൂർണ്ണ ഭൂഗർഭ മെട്രോയാണ്. മെട്രോലൈൻ-3 എന്നറിയപ്പെടുന്ന ഭൂഗർഭപാതയ്ക്ക് അക്വാലൈൻ എന്നും പേരുണ്ട്. മുംബൈ മെട്രോ 3-ന്റെ ആദ്യ ഘട്ടം 33.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇതിൽ 26 സ്റ്റേഷനുകളും ഒരു ഡിപ്പോയുമാണ് ഉള്ളത്.
ഡിസംബറോടെ ആദ്യഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നും ഉദ്ഘാടനം നിർവഹിക്കാനാകുമെന്നുമാണ് വിലയിരുത്തൽ. മെട്രോ ലൈൻ-3 ഫേസ് ഒന്നിന് കീഴിലുള്ള ബികെസി- ആരേയ് എന്നിവയക്ക് ഇടയിലുള്ള സ്ട്രെച്ച് ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഡിസംബറോടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടത്താൻ സാധിക്കുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അശ്വിനി ബിഡെ വ്യക്തമാക്കി.
അന്ധേരിയിൽ പ്രവർത്തിക്കുന്ന സാന്താക്രൂസ് ഇലക്ട്രോണിക്സ് എക്സ്പോർട്ട് പ്രോസസിംഗ് സോണിനെ കൊളാബയുമായി ബന്ധിപ്പിക്കുന്ന 33.5കിലോമീറ്ററുള്ള ഒരു നിർണ്ണായക പാതയാണിത്. 27 സ്റ്റേഷനുകൾ ഉള്ളതിൽ വിമാനത്താവളം, ബാന്ദ്ര-കുർള കോംപ്ലക്സ്, സാന്താക്രൂസ് ഇലക്ട്രോണിക്സ് എക്സ്പോർട്ട് പ്രോസസിംഗ് സോൺ, മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഏരിയ തുടങ്ങിയ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ അതിവേഗത്തിലെത്തുന്നതിന് ഈ ഭൂഗർഭ പാത ഉപകാരപ്രദമാകും. പൂർണ്ണമായും പ്രവർത്തനാ സജ്ജമാകുന്നതോടെ പ്രതിദിനം 17 ലക്ഷം യാത്രക്കാരെ വരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകും എന്നാണ് വിലയിരുത്തൽ.
Comments