ബെംഗളൂരു: ആകാശത്ത് പെട്ടെന്നൊരു അജ്ഞാത ദൃശ്യം കണ്ടാൽ ആരായാലും ഒന്നു പേടിച്ചു പോകും. അവ്യക്തമായ ദൃശ്യമാണെങ്കിൽ തീർച്ചയായും ഭയന്ന് പോകും. ഇത്തരത്തിലൊരു ദൃശ്യമാണ് ബെംഗളൂരു പ്രദേശവാസികൾ ആകാശത്ത് കണ്ടത്. ആകാശത്ത് പ്രവേശന വാതിലിന്റെ നിഴല്‍. ഇരുണ്ട ആകാശത്തിലെ ദൃശ്യം ഇതോടെ സമൂഹമാദ്ധ്യമത്തിലും വൈറലായിക്കഴിഞ്ഞു. ഈ പ്രതിഭാസത്തിന്റെ പിന്നിലെ രഹസ്യം ചർച്ച ചെയ്യുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
സമൂഹമാദ്ധ്യമങ്ങളിലൂടെ വസീം എന്ന യൂസറാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജൂലായ് 23നാണ് ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ഇത് എന്താണെന്ന് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഈ വാതില്‍ പോലെയുള്ള ദൃശ്യം, ഏതെങ്കിലും കെട്ടിടത്തിന്റെ നിഴല്‍ ആണോ എന്ന സംശയത്തിലാണ് വസിം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ ഇതിന്റെ പിന്നിലുള്ള ശാസ്ത്രം എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ബെംഗളൂരുവിലെ ഹെബ്ബാള്‍ ഫ്ളൈ ഓവറിന് സമീപമാണ് അജ്ഞാതമായ നിഴൽ കണ്ടത്. സമൂഹമാദ്ധ്യമത്തിലൂടെ ചിത്രം വൈറലായതോടെ നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ മറ്റാരെങ്കിലും കണ്ടോ എന്ന് ചോദിച്ചിരിക്കുന്നത്. അരലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷനാവാമെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ഒരുപാട് ഉയരമുള്ള കെട്ടിടങ്ങള്‍ സമീപത്തുള്ളതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് ഇതിന് കാരണമായി ചിലര്‍ വിശദീകരിച്ചത്.
മഴയുള്ള ദിവസങ്ങളില്‍ ഊഷ്മാവ് കുറയുന്നത് കൊണ്ട് മേഘങ്ങളെ കാണാനാകുന്ന വിധം തഴേക്ക് വരാറുണ്ട്. ഇവയിൽ കെട്ടിടങ്ങളില്‍ നിന്നുള്ള പ്രകാശം പ്രതിഫലിക്കുമെന്നും ഇതാണ് ദൃശ്യമായി നമ്മള് കാണുന്നതെന്നും ഒരാള്‍ കുറിച്ചു. എന്നാൽ ഇത് മറ്റേതോ ലോകത്തേക്കുള്ള വാതിലാണെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അന്യഗ്രഹജീവികളുമായും, പറക്കുംതളികകളുമായി ഇതിനെ ബന്ധിപ്പിച്ച് പറയുന്നവരുമുണ്ട്.
Comments