രാജ്യം ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതിന്റെ പ്രതീകമായി നാണയങ്ങൾ പുറത്തിറക്കാൻ കേന്ദ്രം. 100,75 രൂപയുടെ നാണയങ്ങളാകും പുറത്തിറക്കുക. 100 രൂപനാണയത്തിന്റെ മധ്യഭാഗത്ത് അശോകസ്തംഭവും ദേവനാഗരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്നും ഉണ്ടായിരിക്കും.
മറുവശത്ത് ദേവനാഗരി ലിപിയിൽ ‘ഭാരത്’ എന്ന വാക്ക് ഇടതുവശത്തും വലതുവശത്ത് ഇംഗ്ലീഷിൽ ‘ഇന്ത്യ’ എന്ന വാക്കുമുണ്ടാകും. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദവിയുടെ ലോഗോ മധ്യഭാഗത്തായി രൂപകൽപന ചെയ്യും. നാണയത്തിന്റെ മുകൾഭാഗത്ത് ദേവനാഗരി ലിപിയിൽ ‘വസുധൈവ കുടുംബകം’ എന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന് ഇംഗ്ലീഷിൽ എഴുതുകയും ചെയ്യും. നാണയത്തിന്റെ താഴത്തെ ചുറ്റളവിലാകും ഇതെഴുതുക. 75 രൂപയുടെ നാണയത്തിലും ഈ സവിശേഷതകൾ ഉണ്ടാകും. ഇരു നാണയങ്ങൾക്കും 35 ഗ്രാം ഭാരവും 44 മില്ലിമീറ്റർ ആരവും ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
2022 ഡിസംബർ ഒന്ന് മുതൽ 2023 നവംബർ 30 വരെയാണ് ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നത്.ലോകത്തെ വികസിത-വികസ്വര രാജ്യങ്ങളുടെ ഇന്റർ-ഡെവലപ്‌മെന്റൽ ഫോറമാണ് ജി20. അന്താരാഷ്‌ട്ര തലത്തിൽ മെച്ചപ്പെട്ട സേവനങ്ങളും വികസനവും സൃഷ്ടിക്കാനായി ലോകനേതാക്കൾ വിവിധ വിഷയങ്ങളിൽ ഒത്തുകൂടി ചർച്ചകൾ സംഘടിപ്പിക്കുന്നു. അതുവഴി രാജ്യത്തിന് അകത്തും പുറത്തും വികസനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ നേതൃത്വത്തിൽ ലോക നേതാക്കളുടെ ഉച്ചകോടി സെപ്റ്റംബർ 9,10 തീയതികളിലാണ് നടക്കുന്നത്. ഈ പ്രത്യേക ദിനത്തെ അനുസ്മരിപ്പിക്കും വിധമാകും നാണയം പുറത്തിറങ്ങുമെന്നാണ് സൂചന.
Comments