കോട്ടയം: പാചകവാതക സിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറി പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിന്റെ ഗോപുരത്തിലേയ്ക്ക് ഇടിച്ചു കയറി. ക്ഷേത്രത്തിന്റെ പ്രധാനഗോപുരത്തിലേയ്ക്കാണ് ലോറി ഇടിച്ച് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. എറണാകുളത്തെ പ്ലാന്റിലേക്ക് സിലിണ്ടറുകൾ നിറക്കുന്നതിനായി തിരുവനന്തപുരത്തു നിന്നും വരുമ്പോഴാണ് അപകടം.
ക്ഷേത്രം റോഡിൽ വഴിതെറ്റിയെത്തിയ വാഹനം പിന്നിലേയ്ക്ക് തിരിഞ്ഞ് പോകുന്നതിനായി തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗവും, ക്ഷേത്രത്തിന്റെ കവാടത്തിലെ ഭണ്ഡാരം അടക്കം തകർന്നിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ അനൂപാണ് ലോറി ഓടിച്ചിരുന്നത്.
അനൂപ് എം സി റോഡിൽ നിന്ന് ചിങ്ങവനം ഭാഗത്തെ ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നതിനായാണ് വഴി മാറി യാത്രചെയ്തത്. ഇയാൾക്ക് പുതുപ്പള്ളി മണർകാട് റോഡിലൂടെ ഏറ്റുമാനൂരിലേക്ക് എത്താനായിരുന്നു ലക്ഷ്യം. എന്നാൽ പനച്ചിക്കാട് എത്തിയപ്പോൾ പുതുപ്പള്ളി റോഡിന് പകരം പനച്ചിക്കാട് ക്ഷേത്രം റോഡിലേക്ക് വഴി തെറ്റി കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി
Comments