ന്യൂഡൽഹി: ഡൽഹിയിലെ പ്രഗതി മൈതാന സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. ഉദ്ഘാടനത്തിന് ശേഷമാണ് തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങുകൾ നടന്നത്. ‘ഡൽഹിയിൽ ആകർഷകമായ ഇന്റർനാഷണൽ എക്സിബിഷൻ കൺവെൻഷൻ സെന്റർ നിർമ്മിക്കാൻ അധ്വാനിച്ച തൊഴിലാളികളെ ആദരിക്കുന്നു’ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
നിർമ്മാണ തൊഴിലാളികളെ ആദരിച്ച ശേഷം പ്രധാനമന്ത്രി അവരുമായി സംവദിക്കുകയും തൊഴിലാളികൾക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. സ്ത്രീകളുൾപ്പെടെയുള്ള എല്ലാ തൊഴിലാളികളെയും അദ്ദേഹം ആദരിച്ചു. ഐടിപിഒ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഹവാൻ പൂജാചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു.
2700 കോടി രൂപ ചിലവിലാണ് പ്രഗതി മൈതാന സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന 18-ാമത് ജി 20 ഉച്ചക്കോടിയുടെ ഭാഗമായാണ് പ്രഗതി മൈതാന സമുച്ചയം നവീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഐടിപിഒ സമുച്ചയത്തിൽ 7,000 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വലിയ യോഗങ്ങളും, കോൺഫറൻസുകളും, എക്‌സിബിഷനുകളെല്ലാം ഇവിടെ വെച്ചായിരിക്കും നടത്തുക.
Comments