ഇസ്ലാമാബാദ്: പാകിസ്താനിലെ മസ്ജിദിൽ വീണ്ടും ചാവേർ ആക്രമണം. ഖൈബർ ജില്ലയിൽനിർമ്മാണത്തിലിരുന്ന അലി മസ്ജിദിലാണ് ബോംബ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരു അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട അഡീഷണൽ എസ്എച്ച്ഒ അദ്നാൻ അഫ്രീദിനിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
ഖൈബറിലെ ജംറൂദിൽ നിർമ്മാണത്തിലിരുന്ന പള്ളിയിൽ രണ്ട് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിലിനെത്തിയിരുന്നു. ഭീരകരരെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരാൾ സ്വയം പൊട്ടിത്തെറിച്ചത്. മറ്റൊരു ഭീകരൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പാകിസ്താനിൽ ബോംബ് സ്ഫോടന കേസുകൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം, 2022 ജൂൺ 18 മുതൽ 2023 ജൂൺ 18 വരെ 15 ചാവേർ ആക്രമണങ്ങളാണ് നടന്നത്. 665 ഭീകരാക്രമണങ്ങൾ നടന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments