ന്യൂഡൽഹി: ആന്ധ്രാ വഖഫ് ബോർഡ് അഹമ്മദീയ മുസ്ലീങ്ങളെ കാഫിറുകൾ എന്ന് മുദ്ര ചാർത്തി മതത്തിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്രം. വിഷയത്തിൽ ആന്ധ്രാ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. സംഭവം അംഗീകരിക്കാൻ സാധിക്കില്ലെന്നും എല്ലാവരും പാർലമെന്റ് പാസാക്കുന്ന നിയമത്തിന് കീഴിലാണ് വരുന്നതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സമൃതി ഇറാനി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാർലമെന്റ് പാസാക്കുന്ന നിയമത്തിന് കീഴിലാണ് എല്ലാ നിയമങ്ങളും വരുന്നത്. ഒരു മതത്തിൽ നിന്ന് ഒരാളെയോ വിഭാഗത്തെയോ പുറത്താക്കാൻ ഒരു വഖഫ് ബോർഡിനും അധികാരമില്ല. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ലംഘിക്കാനും അത് മറികടക്കാനും ഒരിക്കലും അനുവദിക്കില്ല. സംഭവത്തിൽ ആന്ധ്രാ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുണ്ടാകും. അഹമ്മദീയ വിഭാഗത്തിനെതിരെ നടന്നിരിക്കുന്നത് വംശീയ അതിക്രമമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ആന്ധ്രാ വഖഫ് ബോർഡിന്റെ തീരുമാനത്തെ പിന്തുണച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ് രംഗത്തുവന്നു. എല്ലാ മുസ്ലീം സംഘടനകളുടെയും പൊതുവായ അഭിപ്രായമാണ് ഇതെന്ന് സംഘടന വ്യക്തമാക്കി.
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഇസ്ലാം മതത്തിൽ രൂപംകൊണ്ട വിഭാഗമാണ് അഹമ്മദീയ. 1889 -ൽ പഞ്ചാബിലെ ഖാദിയാൻ ഗ്രാമത്തിൽ മിർസ ഗുലാം അഹമ്മദാണ് അഹമ്മദീയ പ്രസ്ഥാന സ്ഥാപകൻ. എന്നാൽ സുന്നികളും ഷിയകളും അഹമ്മദീയരെ മുസ്ലീംങ്ങളായി അംഗീകരിക്കുന്നില്ല. വിഭജനാന്തരം പാകിസ്താനിൽ ഹിന്ദുക്കൾ നേരിട്ട വംശീയ വേട്ടയടലിന് സമാനമായ അനുഭവമാണ് അഹമ്മദീയകൾക്കു നേരെയും ഉണ്ടായത്.
Comments