വയനാട്: മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കപ്പെട്ടതായി പരാതിക്കാരൻ സൂരജ് ജേക്കബ്. പരാതി നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ തന്റെ മാെഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂരജ് വെളിപ്പെടുത്തുന്നു. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
ഒരിടവേളയ്ക്ക് ശേഷം വയനാട് മുട്ടിൽ മരം മുറി കേസ് വീണ്ടും ചർച്ചയാവുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. തൃക്കേപ്പറ്റ വില്ലേജിൽ വ്യാപകമായ മരം മുറി നേരിൽ കണ്ട സൂരജ് 2020 ഡിസംബർ 31-ാം തീയതി റവന്യൂ , വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ പരാതിക്കാരനായ സൂരജിന്റെ മൊഴിയെടുക്കുവാനോ കൂടുതൽ അന്വേഷണം നടത്തുവാനോ തയ്യാറായിട്ടില്ല.
മുട്ടിൽ മരം മുറി കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് സർക്കാർ അവകാശപ്പെടുമ്പോഴും സൂരജിന്റെ വാക്കുകളിലൂടെ അന്വേഷണത്തിലെ അട്ടിമറിയാണ് പുറത്തുവരുന്നത്. നിലവിൽ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട 43 കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments