ആംസ്റ്റർഡാം: ജർമ്മനിയിൽ നിന്നും 3000 കാറുകളുമായി ഈജിപ്തിലേക്ക് പോയ കപ്പലിന് തീപിടിച്ച് ഒരു മരണം. ചൊവ്വാഴ്ച രാത്രിയായിരുന്നു ചരക്ക് കപ്പലിന് തീപിടിച്ചത്. അപകടത്തിൽ ഒരു ജീവനക്കാരൻ മരിക്കുകയും 22 ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് അധികൃതർ അറിയിച്ചു.
പനാമയിൽ രജിസ്റ്റർ ചെയ്ത ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. വടക്കൻ ജർമ്മനിയിലെ ബ്രെമർഹാവൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിന് സമീപത്ത് എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കപ്പലിൽ തീ പടർന്നതോടെ ജീവനക്കാരെല്ലാം കടലിലേക്ക് ചാടുകയായിരുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തീയണയ്‌ക്കാൻ ദിവസങ്ങളോളം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലുണ്ടായിരുന്ന കാറുകളിൽ 25എണ്ണം ഇലക്ട്രിക് കാറുകളാണ്. കപ്പലിൽ തീ പടർന്നതോടെ ജീവനക്കാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീയും പുകയും വ്യാപിച്ചതോടെയാണ് ജീവനക്കാർ കടലിലേക്ക് ചാടിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഒരു ഇലക്ട്രിക് കാറിന് തീപിടിക്കുകയും തുടർന്ന് തീ വ്യാപിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Comments