ദേശീയപാതകളിൽ സിഗ്നൽ സംവിധാനത്തിൽ ഉൾപ്പെടെ ഇനി വിട്ടുവീഴ്ച ഉണ്ടാവരുതെന്ന് നിർദ്ദേശം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് (മോർത്ത്) നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശ രേഖ പുറത്തിറക്കി. വേഗപരിധി, നോ പാർക്കിംഗ്, നോ എൻട്രി എന്നിങ്ങനെയുള്ള സിഗ്നലുകൾക്ക് ഉൾപ്പെടെ നന്ദി വരെ ഇനി മുതൽ ശ്രദ്ധിക്കണം. ദേശീയ പാത അതോറിറ്റി, അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ എന്നിവർക്കാണ് നിർദ്ദേശം കൈമാറിയിരിക്കുന്നത്.
ദേശീയപാതയിലും എക്സ്പ്രസ് വേകളിലും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിനായി കൃത്യമായ സിഗ്നൽ ഉണ്ടായിരിക്കണം. പുതിയ ദേശീയപാതകളിലും ഈ ചിഹ്നങ്ങൾ വെക്കണമെന്നാണ് മോർത്ത് നിർദ്ദേശത്തിൽ പറയുന്നത്. പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരം നിർദ്ദേശിച്ച അളവിലും വലുപ്പത്തിലുമായിരിക്കണം ഓരോ സിഗ്നലും ഉണ്ടായിരിക്കേണ്ടത്. ചുവന്ന വൃത്തത്തിനുള്ളിലെ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ, ചുവന്ന ത്രികോണത്തിലെ മുന്നറിയിപ്പുകൾ, നീല ചതുരത്തിലെ വിവരങ്ങൾ നൽകുന്ന സിഗ്നലുകൾ എന്നിവയും ഉണ്ടായിരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 1033 എല്ലാ അഞ്ച് കിലോമീറ്ററിന് ഉള്ളിലും പ്രദർശിപ്പിക്കണം. വേഗപരിധി, പ്രവേശനമില്ല അഥവാ നോഎൻട്രി, വേഗനിയന്ത്രണം, നോ പാർക്കിംഗ് എന്നീ സിഗ്നലുകൾക്കും ഓരോ അഞ്ച് കിലോമീറ്ററിലും നിർദ്ദേശം വെക്കണം. സ്ഥലസൂചക ബോർഡ് അഥവാ റൂട്ട് മാർക്കർ അഞ്ച് കിലോമീറ്റർ പരിധിയിൽ വെക്കണമെന്നും നിർദ്ദേശമുണ്ട്. ഇടത്-വലത് വളവുകൾ, ദേശീയ പാതയിലേക്കുള്ള എൻട്രി-എക്സിറ്റ് എന്നിവയും ഉൾപ്പെടുത്തണം. റിഫ്ളക്ടറുകളുടെ നിറം, മറികടക്കുന്നതിനുള്ള ലൈൻ, ട്രക്ക് ഉൾപ്പെടെയുള്ള ഭാരം കൂടിയ വാഹനങ്ങൾ ഇടത് വശം ചേർന്ന് പോകുന്നതിനുള്ള അടയാളം, ആശുപത്രി,പെട്രോൾ പമ്പ്, വർക്ക് ഷോപ്പ് എന്നീ സേവനങ്ങൾ, അടിയന്തര ഫോൺ സർവീസ് അറിയിപ്പ് എന്നിവയും നിർബന്ധമായി സ്ഥാപിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
Comments