ബെംഗളൂരു: ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം ഫോണിൽ പകർത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ കോളേജിൽ നേരിട്ടെത്തി അന്വേഷണം നടത്തി. ഉടുപ്പിയിലെ നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളേജിലെത്തിയാണ് ഖുശ്ബു കേസിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചത്.
സംഭവം നടന്ന ശുചിമുറിയിലും ഖുശ്ബു പരിശോധന നടത്തി. കേസ് കൂടുതൽ അന്വേഷിക്കുന്നതിനെ കുറിച്ച് മാനേജമെന്റുമായി ചർച്ച നടത്തുകയും നടപടികൾ വേഗത്തിലാക്കണമെന്നും കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നേത്രജ്യോതി കോളേജ് ഡയറക്ടർ രശ്മി കഷ്ണ പ്രസാദ്, ഉഡുപ്പി എസ്പി അക്ഷയ്, അഡ്വക്കേറ്റ് മേരി ശ്രേഷ്ഠ, കോളേജ് ചീഫ് അക്കാദമിക് കോർഡിനേറ്റർ ബാലകൃഷ്ണ പർക്കാല, പ്രിൻസിപ്പൽ റജിബ് മണ്ഡല് എന്നിവരുമായാണ് ഖുശ്ബു ചർച്ച നടത്തിയത്.
ജൂലൈ 18-നാണ് നേത്രജ്യോതി കോളേജ് വിദ്യാർത്ഥിനി തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയത്. വിശദ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുക, അത് ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ ഉടൻ കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
Comments