തിരുവനന്തപുരം: കടക്കെണിയിൽ നെട്ടോട്ടമോടുന്നതിനിടയിൽ കെഎസ്ആർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കെഎസ്ആർടിസി-സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്ന് കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ചാണ് ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് ഓടി തുടങ്ങുന്നത്. കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2 +1 സീറ്റുകൾ ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.
എല്ലാ സീറ്റുകളിലും ബെർത്തുകളിൽ ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്‌പേസ് ഉൾപ്പെടെയുള്ള സൗകര്യമുണ്ട്. യാത്രക്കാരുടെ പ്രതികരണം അനുസരിച്ച് പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം.
കെഎസ്ആർടിസി -സ്വിഫ്റ്റിൽ നിന്ന് വിഭിന്നമായി പുതിയ ഡിസൈനിലാണ് ബസിന്റെ രൂപകൽപ്പന. എയർ സസ്‌പെൻഷനോട് കൂടിയ 12 മീറ്റർ അശോക് ലൈലാന്റ് ഷാസിയിൽ, ബിഎസ് 6 ചേയ്‌സിലുമായി എസ്എം കണ്ണപ്പ ബാംഗ്ലൂർ ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്. 200 എച്ച്പി പവർ ആണ് ബസുകൾക്കുള്ളത്. സുരക്ഷയ്‌ക്കായി രണ്ട് എമർജൻസി വാതിലുകളും നാല് വശത്തും എൽഇഡി ഡിസ്‌പ്ലേ ബോർഡുമുണ്ട്. രണ്ടാമത്തെ ഡ്രൈവർമാർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യമുണ്ട്. ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ബസിലൊരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഒരു എസി ബസും ഒരു നോൺ എസി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷാണടിസ്ഥാനത്തിൽ സർവീസ് നടത്തുക.
Comments