ദില്ലി: ഇഡി ഡയറക്ടർ സ്ഥാനത്ത് എസ്കെ മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടി നൽകി സുപ്രീം കോടതി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും കോടതി പരാമർശിച്ചിട്ടുണ്ട്. എഫ് എ ടി എഫ് റിവ്യൂ കണക്കിലെടുത്താണ് ഇപ്പോൾ സുപ്രീം കോടതി തീരുമാനം.ആഗോളതലത്തിലുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സംവിധാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഇന്ത്യയിലെ സ്തുത്യർഹമായ പ്രവർത്തനത്തിൽ എസ്കെ മിശ്രയ്‌ക്ക് പ്രത്യേക നേതൃപരമായ പങ്കുണ്ട്.
ഈ മാസം 11 നു എസ്കെ മിശ്രയെ ഇഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31 വരെ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനാവുമെന്നു സുപ്രീം കോടതി വിധിയിൽ ഉണ്ടായിരുന്നു. എന്നാൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സർക്കാർ അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്കെ മിശ്ര സ്ഥാനത്ത് തുടരേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ച കോടതി എസ്കെ മിശ്രയെന്ന സഞ്ജയ് കുമാർ മിശ്രയെ സ്ഥാനത്ത് തുടരാൻ അനുവദിച്ചത്.
1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്സഞ്ജയ് കുമാർ മിശ്രയെന്ന എസ്കെ മിശ്ര. ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്
2018 ലാണ് . ജസ്റ്റിസുമാരായ ബി ആർ ഗവായ് , വിക്രം നാഥ് , സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് മിശ്രയുടെ കാലാവധി 2023 ഒക്ടോബർ 15 വരെ നീട്ടണമെന്ന കേന്ദ്രത്തിന്റെ ഹർജി അനുവദിച്ചത്. സെപ്തംബർ 15 ന് എസ് കെ മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments