മുംബൈ : ഐഎസ് ഭീകരൻ ഡോ. അദ്നാൻ അലിയെ എൻഐഎ അറസ്റ്റ് ചെയ്തു .പൂനെയിൽ നിന്നാണ് അദ്നാൻ അലിയെ പിടികൂടിയത് . മഹാരാഷ്ട്രയിലെ ഐഎസ് ശൃംഖലയെ കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണിത് . രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ പ്രതി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
43 കാരനായ അദ്നാൻ പൂനെയിലെ കോണ്ട്വാ പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവിടെ റെയ്ഡ് നടത്തിയാണ് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത് . ഡോ. അദ്നാൻ അലിയുടെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ, ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അവ സീൽ ചെയ്ത് പരിശോധിച്ചുവരികയാണ്.
16 വർഷമായി അനസ്തേഷ്യ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് അദ്നാൻ . 2001-ൽ പൂനെയിലെ ബിജെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി. ഇതിനുശേഷം 2006ൽ അതേ കോളേജിൽ നിന്ന് അനസ്തേഷ്യ എംഡി ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യവുമുണ്ട് അദ്നാന്. നിരവധി പുസ്തകങ്ങളും അദ്നാന്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക , ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് അദ്നാൻ പ്രധാനമായും ലക്ഷ്യം വച്ചത് . 2023 ജൂൺ 28 ന് ഡോ. അദ്നാനും ഇയാളുടെ സംഘവുമായി ബന്ധമുള്ള മറ്റ് പ്രതികൾക്കും എതിരെ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഡോ. അദ്നാൻ അലിക്ക് മുമ്പ്, ജൂലൈ 3-ന്, തബിഷ് നാസിർ സിദ്ദിഖി, സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് എന്ന അബു നുസൈബ, ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോദാവാല എന്നിവരെ മുംബൈയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
Comments