കൊല്ലം: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊല്ലം സിറ്റി പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി കുറ്റവാളികൾ പിടിയിൽ. ജൂലൈ 27-ന് രാത്രി ഏഴ് മുതൽ തൊട്ടടുത്ത ദിവസം പുലർച്ചെ രണ്ട് വരെയായിരുന്നു പരിശോധന നടന്നത്. പരിശോധനയിൽ അധികവും പിടിക്കപ്പെട്ടത് മദ്യപിച്ച് വാഹനം ഓടിച്ചവരായിരുന്നു. ഇത്തരത്തിൽ 167 പേരെയാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശാനുസരണമാണ് കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസ്പിമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടന്നത്. ഇവരുടെ കീഴിൽ വരുന്ന എല്ലാ പോലീസ് ഇൻസ്‌പെക്ടർമാരും സിറ്റിയിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക പരിശോധനയുടെ ഭാഗമായിരുന്നു.
പരിശോധനയിൽ ഗുരുതരമായ കേസുകളിൽ മുങ്ങി നടക്കുന്ന മൂന്ന് പേരെ പിടികൂടി. കൂടാതെ വിവിധ ക്രിമിനൽ കേസുകളിൽ ആറ് പേരെയും ജാമ്യമില്ലാ വാറണ്ട് പ്രകാരം 58 പേരെയും ലോംഗ് പെൻഡിംഗ് വാറണ്ട് പ്രകാരം 17 പേരെയും വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പുറമേ നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വെച്ചതിനും അബ്കാരി ആക്ട് പ്രകാരവും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Comments