ദുബായ്: സ്വകാര്യ മേഖലയിലെ കമ്പനികളെ ആഗോള തലത്തിൽ വളർത്തിയെടുക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഇൻറർനാഷനൽ ചേംബർ. ഈ വർഷം ആദ്യം പ്രഖ്യാപിച്ച ‘പുതിയ ചക്രവാളങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായാണ് 100 ബിസിനസുകളെ ഉയർത്താനുള്ള പദ്ധതി രൂപപ്പെടുത്തിയത്. ദുബായ് ചേംബർ ആസ്ഥാനത്ത് വിളിച്ചുചേർത്ത പ്രതിനിധികളുടെ പ്രത്യേക യോഗത്തിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. സ്വകാര്യ മേഖലയിലെ ചെറുകമ്പനികളെ ആഗോള ബിസിനസ് രംഗത്തേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
മധേ ഏഷ്യ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി ഈ വർഷം നടത്തിയ വ്യാപാരയാത്രകളുടെ വിവരങ്ങളും യോഗത്തിൽ പങ്കുവെച്ചു. ഏഷ്യ,യൂറോപ്പ്, കിഴക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ബിസിനസ് സാധ്യതകൾ കണ്ടെത്തുന്നതിന് ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികളും യോഗത്തിൽ വിശദീകരിച്ചു. ആസിയാൻ രാജ്യങ്ങൾ, തുർക്കിയ, ആഫ്രിക്കൻ വിപണികൾ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് പ്രധാനമായും ഭാവിയിലെ പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ലോകത്താകമാനമുള്ള വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന് അംഗങ്ങളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് ചേംബേഴ്‌സ് വ്യക്തമാക്കി.
എണ്ണ ഇതര വ്യാപാരം 2026-ഓടെ രണ്ടു ലക്ഷം കോടി ഡോളറിലേക്ക് എത്തിക്കാനുള്ള ദുബായിയുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് പദ്ധതി വികസിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബകിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിൽ മാർച്ചിൽ റോഡ്‌ഷോ ഒരുക്കിയിരുന്നു. ദുബായ് ചേംബേഴ്‌സിന് കീഴിലെ മൂന്ന് ചേംബറുകളിൽ ഒന്നാണ് ദുബായ് ഇൻറർനാഷനൽ ചേംബർ. അന്താരാഷ്‌ട്ര തലത്തിൽ ബിസിനസ് വ്യാപനത്തിന് അംഗങ്ങളെ സഹായിക്കുന്നത് കൂട്ടായ്മയുടെ പ്രധാന അജണ്ടയാണ്.
Comments