കൊച്ചി: ആലുവയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. പത്തരയോടെയായിരുന്നു
കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്‌ക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ തുടങ്ങിയ പൊതുദർശനം മണിക്കൂറുകൾ നിണ്ടുനിന്നു. ഹൃദയഭേദകമായ രംഗങ്ങൾക്കാണ് സ്‌കൂൾ അങ്കണം വേദിയായത്. പൊതുദർശനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 20 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ അസ്ഫാക്ക് ആലം ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.
ആലുവയ്‌ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ട 5 വയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് പ്രതി അസ്ഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് തെളിഞ്ഞത്. തുടർന്ന് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും മദ്യലഹരിയിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
Comments