ദിസ്പൂർ: സംസ്ഥാനത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സമാധാനപരമായ സഹവർത്തിത്വമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എന്നാൽ ജിഹാദും നിർബന്ധിത മതപരിവർത്തനവും സംഘർഷം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസ് സൂപ്രണ്ടുമാരുടെ ദ്വിദിന കൺവെൻഷനുശേഷം ബോംഗൈഗാവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികളെ നിർബന്ധിച്ചും ബലം പ്രയോഗിച്ചും കൊണ്ടുപോകുന്നുവെന്നാണ് മിക്ക ലൗ ജിഹാദ് കേസുകളിൽ നിന്നും മനസിലാകുന്നത്. കൂടാതെ സ്വകാര്യ വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിർബന്ധിച്ച് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിശദമായി പരിശോധിക്കും. അത്തരം വിവാഹങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ സാംസ്‌കാരിക വ്യത്യാസങ്ങളുള്ളതിനാൽ ലൗ ജിഹാദ് പോലൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കളോട് മാർഗനിർദേശം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ ലൗ ജിഹാദ് കേസുകളുടെ അന്വേഷണം വിപുലമാക്കുന്നതിനുള്ള വഴികൾ കൺവെൻഷനിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് കേസുകൾ അന്വേഷിക്കുന്നതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം വികസിപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി.
ശൈശവ വിവാഹങ്ങൾക്കെതിരെ രണ്ടാംഘട്ട നടപടികൾ സെപ്റ്റംബർ മുതൽ ആരംഭിക്കും. ശൈശവ വിവാഹവും ബഹുഭാര്യാത്വവും സമ്പൂർണമായി നിരോധിക്കും. ഇതിനായി ഒരു നിയമം പാസ്സാക്കും. കൂടാതെ ബഹുഭാര്യാത്വം നിരോധിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Comments