ചെന്നൈ: ഓണം അവധി ദിനങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും താംബരത്തു നിന്ന് മംഗളൂരുവിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ഓഗസ്റ്റ് 22നും സെപ്റ്റംബർ ഏഴിനും ഇടയിലാണ് പ്രത്യേക ട്രെയിനുകൾ സർവ്വീസ് നടത്തുക.
എറണാകുളത്ത് നിന്നും ഓഗസ്റ്റ് 24, 31, സെപ്റ്റംബർ ഏഴ് തീയതികളിൽ രാത്രി ഒമ്പതിനാണ് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ (06046) പുറപ്പെടുക. പിറ്റേന്നു രാവിലെ 11:30 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. ചെന്നൈ സെൻട്രലിൽ നിന്ന് ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ വൈകീട്ട് 3:10നാണ് എറണാകുളത്തേക്കുള്ള (06045) സർവീസ്. പുലർച്ചെ മൂന്നിന് എറണാകുളത്ത് എത്തും. പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട്, സേലം, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
താംബരത്തു നിന്ന് മംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ (06041) ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 തീയതികളിലാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:30ന് താംബരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്നുരാവിലെ 6:45ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ് ദിവസങ്ങളിൽ രാവിലെ പത്തുമണിക്കാണ് തിരിച്ചുള്ള സർവീസ് (06042) പിറ്റേന്നുരാവിലെ 4:45ന് താംബരത്ത് എത്തും. ചെന്നൈ എഗ്മോർ, പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. റിസർവേഷൻ ഞായറാഴ്ച മുതൽ ആരംഭിക്കും.
തിരുവനന്തപുരം കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 എന്നീ ദിവസങ്ങളിലാണ് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ (06083). കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6:05ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നുരാവിലെ 10:55ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ് തീയതികളിലാണ് തിരിച്ചുള്ള സർവീസ്. ഉച്ചയ്ക്ക്12:45ന് പുറപ്പെടുന്ന വണ്ടി (06084) പിറ്റേന്നുരാവിലെ ആറിന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട്, ബംഗാർപ്പെട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് കൊച്ചുവേളി – ബെംഗളൂരു ട്രെയിനിന്റെ സ്റ്റോപ്പുകൾ. ഇതിലേക്കുള്ള റിസർവേഷൻ തീയതി പീന്നീട് അറിയിക്കും.
Comments