കണ്ണൂർ: കണ്ണൂരിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്ന ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ. വീടിന്റെ ചുമരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിരിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഒരാൾ എഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തുണികൊണ്ട് ശരീരം മൂടിയ നിലയിൽ ആയിരുന്നു ഇയാൾ ഇവിടെ എത്തിയത്്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
പ്രൊപ്പലിയിലുള്ള ഒരു വീടിന് സമീപമാണ് അജ്ഞാതൻ കഴിഞ്ഞ ദിവസം എത്തിയത്. ഇതിന് ശേഷം പ്രദേശത്തെ നിരവധി വീടുകളുടെ ചുമരിൽ കരി ഉപയോഗിച്ച് ബ്ലാക്ക് മാൻ എന്ന് എഴുതിയിരുന്നു. ജില്ലയിലെ തന്നെ മലയോര മേഖലയായ ആലക്കോട്, ചെറുപുഴ, തീർത്തെല്ലി എന്നീ മേഖലകളിലാണ് ബ്ലാക്ക് മാൻ ശല്യം റിപ്പോർട്ട് ചെയ്തത്്. എന്നാൽ രാത്രിയിൽ ഇറങ്ങുന്ന അജ്ഞാതനെ തേടി പോലീസും പ്രദേശവാസികളും നട്ടം തിരിഞ്ഞതല്ലാതെ ഫലമുണ്ടായില്ല.
രാത്രിയിൽ വീടിന്റെ ജനലിൽ തട്ടുക, പൈപ്പ് തുറന്നുവിടുക, ജനലിൽ തട്ടിയ ശേഷം ഒച്ചയുണ്ടാക്കുക, ചുമരിൽ കരികൊണ്ട് ബ്ലാക്ക് മാൻ എന്നെഴുതുക, എഴുത്തിന് സമീപത്തായി ചിത്രം വരയ്ക്കുക എന്നീ പ്രവർത്തികളിലൂടെയാണ് ബ്ലാക്ക് മാൻ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്. ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിരവധി വീടുകളിലാണ് ബ്ലാക്ക്മാനെന്ന പേരിൽ ഈ വിധത്തിൽ ഭീതിയുളവാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ ഇയാളിൽ നിന്നും ശാരീരിക ഉപദ്രവങ്ങൾ നേരിട്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Comments