പത്തനംതിട്ട: കോന്നിയിൽ 43-കാരന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ദാരുണാന്ത്യം. കോന്നിയിൽ ഹോട്ടൽ നടത്തി വരുന്ന അഭിലാഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇയാളെ പ്രദേശവാസികൾ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തല തറയിൽ ഇടിച്ച് രക്തം വാർന്ന നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം.മേൽമുണ്ടില്ലാതെ റോഡിൽ മലർന്ന് കിടക്കുന്ന രീതിയിലായിരുന്നു അഭിലാഷിന്റെ മൃതദേഹം. മുകളിലത്തെ നിലയിൽ നിന്നും കാൽവഴുതി വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാൾ കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അഭിലാഷിന്റെ അമ്മ മൊഴി നൽകി. കോന്നി പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. രാവിലെ 6.45-ഓടെ മൃതദേഹം പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇൻക്വസ്റ്റ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും.
Comments