തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. തൃശൂർ തൃപ്രയാറിലാണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാനായി ഇയാൾ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്. സംഭവത്തിൽ ജോർജിനുവേണ്ടി പണം വാങ്ങിയത് ഇയാളുടെ ഏജന്റായിരുന്നു. വിജിലസ് ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജോർജിന് വേണ്ടി അഷറഫ് 5,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം അയാളുടെ ഭാര്യയുടെ പേരിലേയ്ക്ക് മാറ്റാൻ വേണ്ടിയായിരുന്നു പണം ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നിനുള്ളിൽ പണം എത്തിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും ജോർജ് പറഞ്ഞു. രൂപ എത്തിച്ചാൽ മാത്രമേ ലൈസൻസ് നൽകുകയുള്ളു എന്നും പ്രതി പറഞ്ഞു.
തൃപ്രയാറിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നിടത്തേയ്ക്ക് ഏജന്റ് മുഖേന പണവുമായി എത്താനായിരുന്നു നിർദ്ദേശം. സംഭവസ്ഥലത്ത് വെച്ച് ഏജന്റ് പണം കൈപ്പറ്റുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. പണം ജോർജിന് വേണ്ടിയാണെന്ന് മൊഴി നൽകിയതോടെയാണ് വിജിലൻസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏരിയങ്കാവിലുള്ള ജോർജ്ജിന്റെ വീട്ടിലും വിജിലൻസിന്റെ പരിശോധന നടക്കുന്നുണ്ട്.
Comments