ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്താനിൽ തിരിച്ചെത്തുമെന്ന് സൂചന. നിലവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സഹോദരന്റെ തിരിച്ച് വരവ് ശരിവെച്ച് രംഗത്ത് വന്നിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ നവാസ് പാകിസ്താനിൽ തിരിച്ചെത്തുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പറയപ്പെടുന്നു.
അയോഗ്യതയെ തുടർന്ന് നിലവിൽ ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയാണ് പാകിസ്താൻ മുസ്ലീം ലീഗ് ( എൻ) നേതാവായ നവാസ് ഷെരീഫ്. 2019 നവംബറിലാണ് നവാസ് ഷെരീഫ് ലണ്ടൻ ജീവിതം തുടങ്ങിയത്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. കൂടാതെ പാർട്ടി സ്ഥാനമോ പദവിയോ വഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തതിരുന്നു. തുടർന്നാണ് ഷെഹ്ബാസിന് പിഎംഎൽ-എൻ പ്രസിഡന്റ് സ്ഥാനം നൽകി നവാസ് രാജ്യം വിട്ടത്.
അതേസമയം ഇടക്കാല പ്രധാനമന്ത്രിയായി ധനമന്ത്രി ഇഷാഖ് ദാറിനെ നിയമിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തള്ളി. ഇഷാഖ് ദാറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കുമെന്ന വ്യാപകമായ ഊഹാപോഹങ്ങൾക്കിടയിലാണ് ഷെഹ്ബാസ് എതിർപ്പുമായി രംഗത്ത് വന്നത്. ഇഷാഖ് ദാറിന് പൊതുസമ്മതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിയമനത്തെ ഷെഹബാസ് ഷെരിഫ് എതിർത്തത് എന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസന്നമായ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള നീക്കങ്ങളാണ് എതിർപ്പിന് പിന്നിലെന്നാണ് സൂചന. ഏത് വിധേനയും ഭരണത്തിൽ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് പാകിസ്താൻ മുസ്ലീം ലീഗ് ( എൻ). അതിനായി നിക്ഷപക്ഷനായ ഇടക്കാല പ്രധാനമന്ത്രിയുടെ വരവ് സഹായിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഓഗസ്റ്റ് 12-നാണ് ഷെഹ്ബാസ് ഷെരീഫ് ഗവൺമെൻിന്റെ കാലാവധി അവസാനിക്കുന്നത്. അതിന് മുൻപ് തന്നെ ദേശീയ അസംബ്ലി പിരിച്ചുവിടും. 90 ദിവസത്തിലുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് പാക് സർക്കാർ ആവശ്യപ്പെട്ടേക്കും. ഉടൻ തിരഞ്ഞെടുപ്പ് നടത്തിയാൽ വീണ്ടും അധികാരത്തിൽ എത്താമെന്നാണ് ഭരണകക്ഷിയുടെ കണക്കുകൂട്ടൽ
Comments