തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ്ക്കളെ കൊന്നു കുഴിച്ചുമൂടിയതായി പരാതി. വലിയതുറയിലും വിമാനത്താവള പരിസരത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയതായെന്നാണ് പരാതി. പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷൈജു, ബിജു, ഉണ്ണി, പ്രശാന്ത് എന്നിവർക്കെതിരെയാണ് സംഘടനയുടെ സെക്രട്ടറി ലത പോലീസിൽ പരാതി നൽകിയത്.
എയർപോർട്ട് അതോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയെന്നാണ് ആരോപിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നിരവധി നായ്ക്കളെ വലിയതുറ പൊന്നറ പാലത്തിനു സമീപത്തെ കാടുമൂടിയ സ്ഥലത്ത് കുഴിച്ചു മൂടിയെന്നും സംഘടന പറയുന്നു.
ഞായറാഴ്ച രാത്രി തന്നെ വലിയതുറ പോലീസിന്റെ നേതൃത്വത്തിൽ നായ്ക്കളെ കുഴിയിൽ നിന്ന് പുറത്തെടുക്കുന്ന നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ ഏതുതരം മരുന്ന് ഉപയോഗിച്ചാണ് നായ്ക്കളെ കൊന്നതെന്ന് അറിയാൻ കഴിയുകയുള്ളൂയെന്ന് പോലീസ് പറഞ്ഞു. ‘മെഗ് സൾഫ്’ എന്ന രാസവസ്തു ഉപയോഗിച്ചാണ് നായ്ക്കളെ കൊല്ലുന്നതെന്നും ഏറെ നേരം പിടഞ്ഞാണ് ജീവൻ നഷ്ടപ്പെടുന്നതെന്നും പീപ്പിൾ ഫോർ അനിമൽസിലെ പ്രവർത്തക അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ആഭ്യന്തര വിമാനത്താവള പരിസരത്ത് നിന്ന് ഒൻപത് നായ്ക്കളുടെ അഴുകിയ ശരീരങ്ങളും വിഷം നിറഞ്ഞ സിറിഞ്ചും ഉപ്പ് പാക്കറ്റും കിട്ടിയിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറയുന്നു. എന്നാൽ സാധാരണയായി വിമാനത്താവളവും പരിസരവും തെരുവുനായ്ക്കളുടെ പിടിയിലാണെന്നും നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായും പ്രദേശവാസികൾ പറഞ്ഞു.
Comments