ആലപ്പുഴ: ഹൈന്ദവ വിഭാഗത്തിന്റെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ ആക്ഷേപിച്ച എഎൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ധീവരസഭയും. വിഷയത്തിൽ ഷംസീർ മാപ്പുപറയണമെന്നും സ്പീക്കർ സ്ഥാനം ഒഴിയണമെന്നും ധീവരസഭ ആവശ്യപ്പെട്ടു. ഹൈന്ദവ ആരാധനാമൂർത്തിയെ കുറിച്ച് സ്പീക്കർ ആക്ഷേപാർഹമായ രീതിയിൽ സംസാരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. സ്പീക്കർ സ്ഥാനത്ത് നിന്നും ഷംസീർ മാറി നിൽക്കുന്നതാണ് മാന്യതയെന്നും ധീവര സഭ ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു.
ഹൈന്ദവരെ സംബന്ധിച്ചിടുത്തോളം ഗണപതി ഭഗവാൻ പ്രധാനപ്പെട്ട ഒരു ആരാധന മൂർത്തിയാണ്. ഇത്തരത്തിൽ ഒരു ആരാധന മൂർത്തിയെ കുറിച്ച് ആക്ഷേപരീതിയിൽ സംസാരിച്ചത് ഒരിക്കലും അംഗാകരിക്കാൻ സാധിക്കില്ല. മതവികാരം ഇളക്കിവിട്ടാൽ ഉണ്ടാകാവുന്ന അവസ്ഥ പലകാര്യങ്ങളിലും നമ്മൾ മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ സ്പീക്കർ ഖേദം പ്രകടിപ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഷംസീറിന്റെ പരാമർശത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷംസീർ മാപ്പുപറഞ്ഞ് രാജിവെക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ധീവരസഭ രംഗത്തുവന്നിരിക്കുന്നത്.
ഷംസീർ രാജിവെച്ചൊഴിയാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. വിഷയത്തിൽ ഹിന്ദു ഐക്യവേദി, വിഎച്ച്പി എന്നീ സംഘടനകൾ സെക്രട്ടറിയേറ്റിലക്ക് മാർച്ച് നടത്തിയിരുന്നു. എൻഎസ്എസ് നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
Comments