തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിനുകൾ വിതരണം ചെയ്യുന്നതിൽ പിഴവുണ്ടെന്ന് പരാതി. വാക്‌സിനുകൾക്ക് കടുത്ത ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരാതി ഉയരുന്നത്. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നൽകിയിരുന്നു.
പേവിഷബാധ പ്രതിരോധ വാക്‌സിനുകളായ ആന്റി റാബീസ് വാക്സിനും, ഇമ്മ്യൂണോഗ്ലാബുലിനും ഗുണനിലവാര പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വാക്‌സിൻ സ്വീകരിച്ചവർ മരണപ്പെടുന്ന സാഹചര്യമുണ്ടായതിനാലാണ് ഗുണനിലവാര പരിശോധന നടത്തിയത്. വാക്‌സിൻ സൂക്ഷിക്കേണ്ട കൃത്യമായ താപനിലയിൽ മാറ്റമുണ്ടായാലും പരിശീലനം ലഭിക്കാത്തവർ കൈകാര്യം ചെയ്താലും ഗുണനിലവാരം നഷ്ടപ്പെടും. വാക്‌സിൻ കൈകാര്യം ചെയ്യുന്ന രീതിയിൽ പിഴവുണ്ടായാലാണ് വാക്‌സിന്റെ ഗുണനിലവാരം കൂടുതലായും നഷ്ടപ്പെടുന്നത്.
കൃത്യമായ ശ്രദ്ധയും പരിശീലനവും ഇല്ലാത്തവർ വാക്‌സിൻ വിതരണം ചെയ്തതാണോ വക്‌സിന്റെ ഗുണനിലവാരം നഷ്ടപെടാൻ കാരണമെന്നത് പരിശോധിക്കും. ഇത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പേ പരാതി ലഭിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ വാക്‌സിൻ കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പഠനവും റിപ്പോർട്ട് സമർപ്പിക്കലും മറ്റ് നടപടികളും ഇഴഞ്ഞാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
Comments