കാസർകോട്: അമ്മ നോക്കി നിൽക്കെ വെള്ളക്കെട്ടിൽ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം ബങ്കളം കരിംകുണ്ടിലെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. പ്ലസ് വൺ വിദ്യാർത്ഥിയായ ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെയും ദീപയുടെയും ഏക മകനാണ്.
ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ആൽബിൻ. ഇന്നലെ വൈകിട്ട് ബന്ധുക്കളോടൊപ്പം നീന്തുന്നതിനിടെയാണ് വെള്ളക്കെട്ടിലേക്ക് ആൽബിൻ വീഴുന്നത്. അപകട സമയത്ത് അമ്മ ദീപ ഉൾപ്പെടെയുള്ളവർ സമീപത്തുണ്ടായിരുന്നു. ഇന്നലെ രാത്രി തിരച്ചിൽ നിർത്തി വെച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ആലപ്പുഴയിൽ മണപ്പള്ളി പാലത്തിൽ നിന്ന് കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി അഖിലാണ് (30) ചാടിയത്. നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും നടത്തിയ നീണ്ട തിരച്ചിലിലാണ് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. പാൻക്രിയാസ് അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന അഖിലിനെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെ കാറിന്റെ ഡോർ തുറന്ന് അഖിൽ കായലിലേക്ക് ചാടുകയായിരുന്നു.
Comments