പൂനെ: ഐഎൻഡിഐഎ മുന്നണിക്ക് കനത്ത തിരിച്ചടി നൽകി ശരത് പവാർ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടു. പൂനെയിൽ നടന്ന ലോകമാന്യ തിലക് ദേശീയ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എതിർപ്പുകൾ അവഗണിച്ച് എൻ.സി.പി അദ്ധ്യക്ഷൻ പങ്കെടുത്തത്. നരേന്ദ്രേമോദിയായിരുന്നു പുരസ്കാരത്തിന് അർഹനായത്. തന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ് കടന്നുപോയത് എന്ന് പുരസ്കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ സംയുക്ത പ്രക്ഷോഭത്തിന് രൂപം നൽകുന്നതിനിടെ പ്രധാനമന്ത്രിയുമായി ശരത് പവാർ വേദി പങ്കിടുന്നത് പോരാട്ടത്തിന്റെ കരുത്തുചോർത്തുമെന്നാണ് വിവിധ കക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. എങ്കിലും ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ ശരത് പവാർ തയ്യാറായില്ല. അജിത്ത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർത്താൻ മൗന അനുവാദം നൽകുകയും തങ്ങളെ അഴിമതിക്കാരുടെ സംഘമായി മുദ്രകുത്തുകയും ചെയ്ത പ്രധാനമന്ത്രിക്കൊപ്പം പാർട്ടി അദ്ധ്യക്ഷൻ തന്നെ വേദി പങ്കിട്ടതിൽ വിയോജിപ്പുണ്ടെന്ന് എൻസിപി രാജ്യസഭാംഗം വന്ദന ചവാൻ വ്യക്തമാക്കി.
എൻസിപി പൂനെ ഘടകത്തിനും കോൺഗ്രസിനും ശിവസേനയിലെ ഉദ്ദവ് വിഭാഗത്തിനും സമാനമായ നിലപാടായിരുന്നെങ്കിലും ശരത് പവാർ വഴങ്ങിയിരുന്നില്ല. പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരിച്ചതിലെ പ്രധാനിയായ ശരത് പവാർ തന്നെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് പ്രതിപക്ഷ മുന്നണി ഐക്യത്തിന് കനത്ത തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ. ലോകമാന്യ തിലകിന്റെ മകന്റെ കൊച്ചുമകനും കോൺഗ്രസ് നേതാവുമായ രോഹിത് തിലകൻ ഉപാദ്ധ്യക്ഷനായ ട്രസ്റ്റാണ് പ്രധാനമന്ത്രിക്ക് ലോകമാന്യ തിലക് ദേശീയ പുരസ്കാരം സമ്മാനിച്ചത്.
Comments