നയ്പിയ്ഡാവ്: മ്യാൻമാർ മുൻ ഭരണാധികാരിയായിരുന്ന ഓങ് സാൻ സുചിക്ക് പട്ടാള ഭരണകൂടം മാപ്പ് നൽകി. ബുദ്ധമതത്തിലെ പവിത്ര മാസാചരണത്തോട് അനുബന്ധിച്ചാണ് നടപടി. 7000 ത്തോളം പേർക്ക് പൊതു മാപ്പ് നൽകാനാണ് പട്ടാള ഭരണകൂടത്തിന്റെ തീരുമാനം. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ കൗൺസിൽ മേധാവിയാണ് തീരുമാനം അറിയിച്ചത്.
തിരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം, പട്ടാള ഭരണകൂടത്തെ അംഗീകരിക്കാത്ത നിലപാട് തുടങ്ങി നിരവധി കുറ്റങ്ങളാണ് സുചി ക്കെതിരെ ഉയർന്നത്. കൂടാതെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ ജയത്തിനുവേണ്ടി ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലും സൂചിക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. കോറോണ മാനദണ്ഡങ്ങൾ ലംഘിച്ച കേസിലും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവയെല്ലാം ചേർത്ത് 33 വർഷത്തെ ശിക്ഷയാണ് സൂചിക്ക് വിധിച്ചത്. ആറ് വർഷത്തെ ഇളവാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ സൂചിയ്‌ക്ക് 33ൽ 27 വർഷത്തെ തടവും വീട്ടുതടങ്കലും തുടരേണ്ടി വരുമെന്നാണ് വിവരം
2021 ൽ പട്ടാള അട്ടിമറിക്ക് ശേഷം വീട്ടുതടങ്കലിലും ജയിലിലും കഴിയുകയാണ് സുചി. ബുദ്ധമത സന്യാസിമാരുടെ വൃതം അവസാനിക്കുന്ന ആഘോഷങ്ങളുടെ അനുബന്ധിച്ചാണ് മാപ്പ് നൽകുന്നത്. തടവിൽ കഴിയുന്ന ഏഴായിരത്തോളം പേർക്കും സുചിക്ക് ഒപ്പം മാപ്പ് നൽകാൻ പട്ടാള ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 5 കേസുകളിൽ മാത്രമാണ് മ്യാന്മാർ സിവിലിയൻ നേതാവായ സൂചിക്ക് മാപ്പ് നൽകുന്നത്. ഇവർക്കെതിരെ എടുത്ത 14 കേസുകൾ വിചാരണ ഘട്ടത്തിലാണ്.
Comments