പൂനെ: ആഗോളതലത്തിൽ ലോക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കുന്നത് കാണുമ്പോൾ രാജ്യത്തിന് അഭിമാനകരമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ ഷിൻഡെ. വിവിധ രാജ്യങ്ങളുടെ തലവന്മാർ അദ്ദേഹത്തോട് ബഹുമാനത്തോട് കൂടിയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന ലോകമാന്യ തിലക് ദേശീയ പുരസ്കാര വിതരണ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി.
‘വിവിധ രാജ്യങ്ങളുടെ തലവന്മാർ പ്രധാനമന്ത്രിയോട് വളരെ ബഹുമാനത്തോട് കൂടിയാണ് പെരുമാറുന്നത്. ഞങ്ങൾ അത് കണ്ടതാണ്. ചിലർ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്നു, ചിലർ അദ്ദേഹത്തെ ബോസ് എന്ന് വിളിക്കുന്നു, മറ്റുള്ളവർ അദ്ദേഹത്തെ ബഹുമാനത്തോടെ വണങ്ങുകയും ചെയ്യുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തിന് അഭിമാനകരമാണ്.’- ഏകനാഥ ഷിൻഡെ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ ബാലഗംഗാധര തിലകിന്റെ 103-ാം സ്മൃതിദിനത്തിൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരത്തിന് അർഹനായത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. പൂനെയിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എൻസിപി നേതാവ് ശരദ് പവാർ എന്നിവരും സന്നിഹിതരായിരുന്നു.
പുരസ്കാരം സ്വീകരിച്ച പ്രധാനമന്ത്രി തനിക്കിത് അവിസ്മരണീയമായ നിമിഷമാണെന്ന് പറഞ്ഞു. കൂടാതെ ഈ പുരസ്കാരം രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമ്മാനത്തുക നമാമി ഗംഗേ പദ്ധതിക്ക് നൽകാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments