ഷിംല: പ്രളയത്തിൽ തകർന്ന് ഹിമാചൽ പ്രദേശിലെ കുളു ജില്ലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 400 കോടി രൂപ അനുവദിയ്ക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി. ഹിമാചലിലെ പ്രളയ ബാധിത മേഖല സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ നശിച്ച ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ കേന്ദ്രമന്ത്രി സന്ദർശിച്ചു.
‘ഹിമാചലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു ദുരന്തം ഉണ്ടായതെന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.’വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ കാരണം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും കനത്തമഴ നാശം വിതച്ച ജില്ലയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിനും ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കും. അതിനായി 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിയ്ക്കും. ദേശീയപാതയിലെ ഒരു കിലോമീറ്റർ വരെയുള്ള ലിങ്ക് റോഡുകൾ നന്നാക്കുന്നതിനുള്ള ചിലവും സർക്കാർ വഹിക്കും’ അദ്ദേഹം അറിയിച്ചു.
‘ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും വലിയൊരു ഭാഗം തന്നെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പഠനങ്ങൾ നടത്തുകയും അതിന് ഒരു സാങ്കേതിക സംഘത്തെ രൂപീകരിക്കുകയും ചെയ്യും. പലപ്പോഴും റോഡുകളിൽ പാറക്കല്ലുകൾ വീഴുന്നതും മണ്ണിടിയുന്നതും യാത്രക്കാരുടെ ജീവന് ഭീഷണിയും ഗതാഗതം തടസപ്പെടുന്നതിനും കാരണവുമാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സമഗ്രമായ പഠനസംഘത്തെ നിയോഗിക്കും’ കേന്ദ്രമന്ത്രി പറഞ്ഞു.
Comments