ചെന്നൈ: രാജ്യത്തിന് വേണ്ടി 26-ാമത് വന്ദേ ഭാരത് എക്സ്പ്രസ് ഒരുങ്ങുന്നു. ഓഗസ്റ്റ് ആദ്യ വാരത്തോടെ ചെന്നൈ-തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഓഗസറ്റ് ആറിനാണ് 26-ാമത് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് നടക്കുക. സംസ്ഥാനത്ത് ലഭ്യമാകുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്. കഴിഞ്ഞ വർഷം നവംബർ 22-ന് ചെന്നൈയ്ക്കും മൈസൂരുവിനും ഇടയിൽ ആദ്യ സെമി- ഹൈസ്പീഡ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഏപ്രിൽ 8-ന് ചെന്നൈ-കോയമ്പത്തൂർ റൂട്ടിലും വന്ദേഭാരത് ആരംഭിച്ചു.
എട്ട് കോച്ചുകളാണ് ചെന്നൈ-തിരുനെൽവേലി എക്സ്പ്രസിനുള്ളിലുള്ളത്. രാവിലെ തിരുനൽവേലിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ ഉച്ചയോടെയാണ് ചെന്നൈ എഗ്മോറിലെത്തുക. എട്ട് മണിക്കൂർ കൊണ്ട് 650 കിലോമീറ്ററാണ് പിന്നിടുക. വിരുദുനഗർ, മധുര, തിരുച്ചി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. നിലവിൽ ദി നെല്ലൈ എക്സ്പ്രസ് ഏകദേശം പത്ത് മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് സഞ്ചരിക്കുക. ഇത് രാത്രി സമയങ്ങളിൽ ചെന്നൈയ്ക്കും തിരുനെൽവേലിയ്ക്കും ഇടയിൽ യാത്ര പൂർത്തിയാക്കുന്നതിനായി ഏകദേശം 11 മണിക്കൂറാകും എടുക്കുക.
തിരുനെൽവേലി വിരുദുനഗർ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്കുള്ള പകൽ സമയ യാത്രയിൽ ട്രെയിനിന്റെ ആവശ്യകത മുന്നിൽ കണ്ടാണ് ഈ റൂട്ടിൽ ട്രെയിൻ അവതരിപ്പിക്കുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും രാത്രി ട്രെയിനുകളുടെ ആവശ്യം ലഘൂകരിക്കുക എന്നിവയാണ് ട്രെയിൻ ലക്ഷ്യം വെയ്ക്കുന്നത്. ചെന്നൈ-തിരുനെൽവേലി-നാഗർകോവിൽ എല്ലാ വാരാന്ത്യങ്ങളിലും യാത്രക്കാരുടെ തിരക്ക് വളരെയധികം കൂടുതലാണ്. വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ വരുന്നതോടെ യാത്രാ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ.
Comments