കൊച്ചി: ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഫ്സാകുമായി പോലീസ് ആലുവ മാർക്കറ്റിന് സമീപം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ കുട്ടിയുടെ കീറിയ വസ്ത്രത്തിന്റെ ഒരു ഭാഗവും ചെരിപ്പും പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച വൈകീട്ട് 3:30-ന് പ്രതിയുമായി ആലുവ മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തെത്തിയ പോലീസ് പ്രതി ഒളിപ്പിച്ചുവെച്ച കുട്ടിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗവും ചെരിപ്പും കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രം കീറിയെടുത്തതിന് ശേഷം അത് ഉപയോഗിച്ചു തന്നെയാണ് ഇരയെ കൊന്നതെന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 5 വയസുകാരിയായ കുട്ടിയ്ക്ക് ജ്യൂസും മിഠായിയും വാങ്ങി തരാമെന്ന വ്യാജേന അഫ്സാക് കുഞ്ഞിനെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോകുന്നത്. തുടർന്ന് ആലുവ മാർക്കറ്റിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ മറ്റൊരു കൊലപാതകത്തിലെ പ്രതി കൂടിയാണെന്ന് പോലീസ് പറയുന്നു.
പീഡന കൊലക്കുറ്റത്തിനു പുറമേ പോക്സോ നിയമത്തിലെ നാലു വകുപ്പുകളും ഉപദ്രവിക്കണമെന്നും കൊല്ലണമെന്നുമുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ, പ്രകൃതി വിരുദ്ധ പീഡനം എന്നിങ്ങനെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് പോലീസ് റിമാൻഡും റിപ്പോർട്ടും കസ്റ്റഡി അപേക്ഷയും സമർപ്പിച്ചിട്ടുണ്ടായിരുന്നത്.
Comments