ഷംസീറിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്പീക്കറുടെയോ സിപിഎമ്മിന്റെയോ ന്യായികരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ടയെന്നും ഹിന്ദുക്കൾ എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കറുടെ പരാമർശത്തിലാണ് തുടർച്ചയായി കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ പൊതുസമൂഹവും ബിജെപിയും ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിശ്വാസങ്ങളെകുറിച്ച് ഇത്തരത്തിൽ അപകീർത്തികരമായി പരാമർശം നടത്താൻ ഷംസീറിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭഗവാൻ ഗണപതി മിത്താണെന്നുള്ള പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സാമുദായിക സംഘടനകളും ഷംസീറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്ത് വരുന്നത്. വിഷയത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതോടെ ഷംസീർ വിഷയത്തിൽ വിശദീകരണം നൽകുകയായിരുന്നു. എന്നാൽ, താൻ മാപ്പ് പറയില്ലെന്നും തിരുത്തില്ലെന്നും ഷംസീർ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Comments