ന്യൂഡൽഹി: തെരുവ് നായകൾക്ക് ഭക്ഷണം നൽകരുത് എന്ന് പറഞ്ഞതിന് വയോധികനെ ആക്രമിച്ച് 23-കാരി. ഗാസിയാബാദിലായിരുന്നു സംഭവം. ഭക്ഷണം കൊടുക്കുന്നത് തടയാൻ ശ്രമിച്ച വയോധികനെ യുവതി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. വയോധികൻ നൽകിയ പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു.
യുവതി വയോധികനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേയ്‌ക്ക് നയിച്ചത്. യുവതി വയോധികനെ വടികൊണ്ട് അടിക്കുന്നതും അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡൽഹി-എൻസിആർ മേഖലയിൽ തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് വസന്ത് കുഞ്ച് ചേരിയിലെ സഹോദരങ്ങളെ തെരുവ് നായ്‌ക്കൾ കടിച്ചു കൊന്നതും വാർത്തയായിരുന്നു. ഇതിന് ശേഷം തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് നാട്ടുകാർ എതിർത്തു.
Comments