ഡൽഹി: ഇന്ന് പാർലെമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ ബില്ലിൽ സ്ത്രീ ശബ്ദമായ ‘അവൾ’ ലിംഗഭേദമില്ലാതെ സർവ്വനാമമായി ഉപയോഗിച്ചത്. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിലെ സർവ്വനാമങ്ങളിലാണ് ഇത്തരത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ പാർലെമെന്റിൽ അവതരിപ്പിക്കുന്ന ബില്ലിൽ ഇത്തരത്തിൽ സ്ത്രീ ശബ്ദം ഉപയോഗിക്കുന്നത്. ഇതിന് മുൻപ് എല്ലാ സർവ്വനാമങ്ങളും പുരുഷശബ്ദമായ ‘അവൻ’ എന്നായിരുന്നു. ലിംഗസമത്വത്തിന് ഉൗന്നൽ നൽകുന്നതാണ് പുതിയ തീരുമാനം.
വ്യക്തികളെ പരാമർശിക്കുന്നതിനായി ബില്ലിൽ, ‘അവൻ’ എന്നുമാത്രമായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത് അത് മാറ്റി എല്ലായിടത്തും ‘അവൾ’ എന്ന് ഉപയോഗിക്കുകയായിരുന്നു. കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ലിംഗഭേദമില്ലാതെ ഒരു വ്യക്തിയെ സ്ത്രീ ശബ്ദത്തിൽ പരാമർശിക്കുകയാണ് ബില്ലിൽ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ ക്യാമ്പയിൻ കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ക്രോസ്-ബോർഡർ ട്രാൻസ്ഫർ, ഡാറ്റാ പ്രോസസ്സിംഗ് എന്റിറ്റികളുടെ ഉത്തരവാദിത്വം, അനധികൃതവും ഹാനികരവുമായ പ്രോസസ്സിംഗിനുള്ള പ്രതിവിധികൾ, തുടങ്ങി രാജ്യത്തിന്റെ താത്പ്പര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും ബില്ലിൽ പറയുന്നു.
Comments