മലപ്പുറം: ജോലിക്ക് നിന്ന വീട്ടിൽ നിന്നും വജ്രവും സ്വർണവും മോഷ്ടിച്ച യുവതി പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശിനി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. തലശേരിയിലെ വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിപ്പുള്ള ആഭണങ്ങൾ ഇവർ മോഷ്ടിക്കുകയായിരുന്നു. തലശേരി ചിറക്കരയിലെ ആരിഫയുടെ വീട്ടിൽ ക്ലീനിംഗിനെത്തിയതായിരുന്നു യുവതി. വീട് വൃത്തിയാക്കുന്നതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
സംഭവത്തിന് പിന്നാലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ആരിഫ വിജയലക്ഷ്മിയെ വീട്ടിലെത്താൻ ആവശ്യപ്പെട്ടെങ്കിലും യുവതി എത്താൻ കൂട്ടാക്കിയില്ല. പിന്നീട് ഇവരെ തന്ത്രപൂർവ്വം വീട്ടിലേക്ക് എത്തിക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ എരഞ്ഞോളിയിലെ കടക്ക് സമീപത്ത് നിന്നും ബക്കറ്റിലെ സോപ്പ്‌പെട്ടിയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
യുവതി മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നതിനാൽ തന്നെ ഇവിടെയും മോഷണം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് യുവതിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
Comments