തൃശൂർ: സിപിഎം നേതാവിനെതിരെ എൻഐഎ അന്വേഷണം. 50 കോടിയോളം രൂപയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് നടത്തിയ പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ച സിപിഎം നേതാവിനെതിയൊണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഇതെന്നാണ് കണ്ടെത്തൽ. തൃശൂരിലെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയും ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്.
ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രതിയായ വയനാട് സ്വദേശിയെയാണ് യുവനേതാവിന്റെ ഇടപെടലിൽ വിദേശത്തെത്തിച്ചത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് രണ്ട് ദിവസം വൈകിപ്പിച്ചു. ഇതിനിടെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
രക്ഷപ്പെടുന്നതിനായി പ്രതി സഹായത്തിനായി സമീപിച്ചത് തൃശൂരിലുള്ള ഇടനിലക്കാരനെയാണ്. ഇയാൾ യുവനേതാവിനെ കണ്ട് രണ്ടര കോടി രൂപയ്‌ക്ക് ഇടപാട് ഉറപ്പിച്ചു. തുടർന്ന് ഇരുവരും പോലീസുകാരന്റെ സഹായം അഭ്യർത്ഥിക്കുകയുംഓരു കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രതി വിദേശത്തേക്ക് കടന്ന ദിവസം യുവനേതാവ് സ്വന്തം വണ്ടിയിൽ ഒരു കോടി രൂപ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിച്ച് നൽകി. തുടർന്ന് ചില പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇത് സംബന്ധിച്ച് എൻഐഎയ്‌ക്ക് രഹസ്യമായി പരാതി നൽകിയത്. തുടർന്ന് എൻഐഎ സംഘം തൃശൂരിലെ ഇടനിലക്കാരനെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ ലഭിച്ചത്. വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി എൻഐഎ അറിയിച്ചു.
Comments