ഇസ്ലാമാബാദ്: പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റ് മാസം ഒൻപതിന് ദേശീയ അസംബ്ലി പിരിച്ചു വിടുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാർലമെന്റിൽ നടന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കാലാവധി തീരുന്നതിനും മൂന്ന് ദിവസം മുൻപാണ് പാർലമെന്റ് പിരിച്ചു വിടുന്നത്.
കാലാവധി തീരുന്നതിന് മുൻപ് പാർലമെന്റ് പിരിച്ചുവിട്ടാൽ പൊതു തിരഞ്ഞെടുപ്പ് നടത്താൻ 90 ദിവസം സമയം ലഭിക്കും. കാലാവധി പൂർത്തിയായാൽ 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. ഭരണഘടന നിയമങ്ങൾ അനുസരിച്ച് രാഷ്‌ട്രപതി 48 മണിക്കൂറിനുള്ളില്‍ ഇതിൽ ഒപ്പിടണം. രാഷ്‌ട്രപതി ബില്ലിൽ ഒപ്പുവെച്ചില്ലെങ്കില്‍ നിയമസഭ തനിയെ ഇല്ലാതാകുമെന്നതാണ് നിയമം.
പ്രതിപക്ഷവുമായി മൂന്ന് ദിവസത്തെ കൂടിയാലോചനയ്‌ക്ക് ശേഷം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് രാഷ്‌ട്രപതിക്ക് സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് പറഞ്ഞു. വിഷയത്തിൽ രാഷ്‌ട്രപതിയുമായി ധാരണയിൽ എത്തിയില്ലെങ്കിൽ, പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ഇടപെട്ട് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദിഷ്ട പേരുകളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യും.
മുൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി, ബലൂചിസ്ഥാനിൽനിന്നുള്ള സ്വതന്ത്ര എംപി അസ്‌ലം ഭൂട്ടാനി എന്നിവരെ ഇടക്കാല പ്രധാനമന്ത്രിമാരായി പരിഗണിക്കുന്നതായി സൂചനകളുണ്ട്. മുൻ പ്രധാനമന്ത്രി നവാസ് ഷെറിഫ് ഏതാനും ആഴ്ചകൾക്കുള്ളിൽ ലണ്ടനിൽനിന്ന് പാകിസ്താനിൽ തിരികെ എത്തും.
Comments