ലക്നൗ: 492 കൊല്ലത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതിന്റെ മൂന്നാം വാർഷികം.രാം ലല്ലയുടെ നീണ്ട നാളത്തെ പ്രവാസം അവസാനിക്കുന്നതിന്റെ ഏറ്റവും വലിയ നാഴികക്കലുകളിൽ ഒന്നാണ് ഇത്. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കാണ് ഇന്ന് മൂന്ന് വർഷം തികയുന്നത്. രാജ്യത്തിനിത് ചരിത്ര മുഹൂർത്തമായിരുന്നു.
ഭാരതം രാമമന്ത്രങ്ങളാൽ മുഖരിതമായ പുണ്യദിനമായിരുന്നു 2020 ആഗസ്റ്റ് 5. രാമ രാമ പാടിയാൽ രാമ രാജ്യം ആകുമോ എന്ന് ചോദിച്ചവർക്ക് രാമ രാജ്യമാകും എന്ന മറുപടി നൽകിയ സുവർണ്ണ നിമിഷം. മന്ദിർ വാഹിം ബനായേംഗേ എന്ന് ഭാരതത്തിലെ ജനകോടികളോട് ഭാരതീയ ജനതാ പാർട്ടി ഉൾപ്പെടെയുള്ള കർമ്മ സമിതി നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്ന സുവർണ്ണ നിമിഷം.
അതേസമയം ലോകത്തിലെ ഏറ്റവും മനോഹരമായ തീർത്ഥാടന കേന്ദ്രമാക്കി അയോദ്ധ്യയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.രാജ്യത്തെ ജനങ്ങൾക്കായി അയോദ്ധ്യ രാമക്ഷേത്ര ദർശനം എത്രയും വേഗം സാധ്യമാകും വിധത്തിലാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. ഈ വർഷം ഡിസംബറിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ജനുവരിയിൽ ശ്രീകോവിലിൽ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു എന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്
Comments