തിരുവനന്തപുരം : ലഹരി മരുന്ന് കച്ചവടം തടയാന്‍ പുതിയ ഉത്തരവുമായി തിരുവനന്തപുരത്തെ ബീമാപള്ളി മഹല്‍ ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയില്‍ വിലക്കേര്‍പ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ പുതിയ തീരുമാനം. 23000ലധികം അംഗങ്ങളാണ് ബീമാപള്ളി ജമാഅത്ത് കമ്മിറ്റിയിലുള്ളത്.
ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാ അത്ത് അംഗത്വത്തിൽ നിന്ന് നീക്കാനും 50,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇവർക്ക് ജമാ അത്ത് ഭരണ സമിതിയിലേക്ക് വരാനോ ജമാ അത്ത് നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല.
ലഹരി ഉപയോഗിച്ച് പിടിയിലാകുന്നവരെ പിന്തുണയ്ക്കുന്നവർക്കും നിയമ സഹായം നൽകുന്ന നാട്ടുകാർക്കും ഇത് ബാധകമാണെന്നും ജമാ അത്ത് നോട്ടീസിലൂടെ വ്യക്തമാക്കി. ജൂലൈ 30ന് കൂടിയ ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ ലഹരി വിരുദ്ധ യോഗം ആണ് ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്
ഇക്കഴിഞ്ഞ തിങ്കളാഴ്ച ലഹരിമരുന്ന് കൈവശം വെച്ച കേസില്‍ 26കാരനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനവുമായി ജമാഅത്ത് രംഗത്തെത്തിയത്. 1.4 കിലോ കഞ്ചാവ് കൈവശം വെച്ചുവെന്ന കേസില്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളായ മുഹമ്മദ് സിറാജ്, നന്ദു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കമ്മിറ്റിയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് സിറാജിനെ ജമാഅത്ത് വിലക്കിയിട്ടുണ്ട്. പള്ളികാര്യങ്ങളില്‍ യാതൊന്നിലും സിറാജിന് ഇടപെടാന്‍ കഴിയില്ല. ജമാഅത്ത് തെരഞ്ഞെടുപ്പില്‍ വോട്ടവകാശവും ഇയാൾക്ക് ഉണ്ടായിരിക്കില്ല.
Comments