കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മഹമ്മദ് ബസാറിൽ നിന്ന് ഇലക്ട്രിക് ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഇസ്ലാം ചൗധരിയെ എൻ ഐ എ അറസ്റ്റ് ചെയ്തു . ഇലക്ട്രിക് ഡിറ്റണേറ്ററുകളും സ്ഫോടക വസ്തുക്കളും വിതരണം ചെയ്തത് ഇസ്ലാം ചൗധരിയാണ് അന്വേഷണ സംഘം കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ് .
കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാളായ ടിഎംസി പഞ്ചായത്ത് അംഗം മനോജ് ഘോഷിൽ നിന്നാണ് ഇയാളെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത് . അനധികൃത സ്ഫോടക വസ്തുക്കളും തോക്കുകളും ഗോഡൗണിൽ സൂക്ഷിച്ചതിന് ഘോഷിനെ എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൗധരിയടക്കം എട്ട് പേരാണ് ഇതുവരെ ഈ കേസിൽ അറസ്റ്റിലായത്.
ബിർഭും ജില്ലയിലെ ബരാലിപാറയിൽ നിന്നാണ് ഇസ്ലാം ചൗധരിയെ എൻഐഎ അറസ്റ്റ് ചെയ്തത് . ഇയാളുടെ വീട്ടിൽ നിന്ന് നടത്തിയ റെയ്ഡിൽ പണവും , ബാങ്ക് ഇടപാടുകളുടെ രേഖകളും , മൊബൈൽ ഫോണുകളും , സിം കാർഡുകളും കണ്ടെത്തി .
മറ്റ് പ്രതികളായ മെറാജുദ്ദീൻ അലി ഖാനെയും മിർ മുഹമ്മദ് നൂറുസ്സമാനെയും മെരാജിനെയും പ്രിൻസിനെയും എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇലക്ട്രിക് ഡിറ്റണേറ്ററുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതിനെ തുടർന്ന് 2022 സെപ്റ്റംബറിലാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത് . പശ്ചിമ ബംഗാൾ എസ്ടിഎഫ് സംഘം ബിർഭൂമിലെ എംഡി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വാഹനത്തിൽ നിന്നാണ് 81,000 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ ആദ്യം കണ്ടെടുത്തത്. തുടർന്ന് ഡ്രൈവർ ആശിഷ് കിയോറയെ അറസ്റ്റ് ചെയ്തു.
തുടർന്നുള്ള പരിശോധനയിൽ 2525 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, 27000 കിലോ അമോണിയം നൈട്രേറ്റ്, പിസ്റ്റൾ, വെടിമരുന്ന്, 16.25 കിലോ ജെലാറ്റിൻ സ്റ്റിക്കുകൾ , 50 കിലോ അമോണിയം നൈട്രേറ്റ് എന്നിവ കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. അമിത് ഷായുടെ റാലി ലക്ഷ്യമിട്ടാണ് ഈ സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
Comments