മണിപ്പൂർ വിഷയത്തിൽ പാർലെമെന്റ് തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുൻ പ്രസാർ ഭാരതി ബോർഡ് അംഗം സി.ആർ കേശവൻ. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് സ്തംഭിപ്പികുന്നത് വലിയ ഉത്കണ്ഠയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതുകയും മണിപ്പൂർ വിഷയം സഭയിൽ ചർച്ച ചെയ്യാമെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുകയും ചെയ്തു, എന്നിട്ടും പ്രധാനമന്ത്രിയുടെ പ്രസംഗം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
അടിയന്തര പ്രമേയത്തിന് പകരം പ്രതിപക്ഷത്തിന് ലോക്സഭയിൽ മറ്റു ചില മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താമായിരുന്നു. 193-ാം ചട്ട പ്രകാരം വോട്ടെടുപ്പ് കൂടാതെ ഒരു ഹ്രസ്വകാല ചർച്ചയോ, 184-ാം ചട്ട പ്രകാരം വോട്ടോടെയുള്ള വിശദമായ ചർച്ചയോ നടത്താമായിരുന്നു. എന്നാൽ പ്രതിപക്ഷം അത് ചെയ്യുന്നില്ല. മണിപ്പൂരിൽ ചർച്ച നടത്താൻ 267-ാം ചട്ട പ്രകാരം സഭ നിർത്തിവയ്ക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒരു അടിയന്തര പ്രമേയത്തിന് പകരം 267-ാം ചട്ടം തെറ്റായി ഉപയോഗിക്കുകയാണ്. മണിപ്പൂർ പോലെയുള്ള അടിയന്തരവും ഗൗരവമേറിയതുമായ വിഷയ ചർച്ച ചെയ്യാൻ 167-ാം ചട്ടമാണ് ഏറ്റവും ഉചിതം. എന്നാൽ 167-ാം ചട്ടം പ്രതിപക്ഷം എന്തുകൊണ്ടാണ് വിഷയത്തിൽ തിരഞ്ഞെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷം ഈ അവസരങ്ങൾക്ക് നേരേ കണ്ണടയ്ക്കുകയാണ്. പകരം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ്. അതും ഒരു പാർട്ടിക്കും അത് വിജയിപ്പിക്കാനുള്ള അംഗബലം ഇല്ലാത്തപ്പോൾ. സത്യത്തിൽ, പ്രതിപക്ഷത്തിന് ചർച്ചയ്ക്കാണോ രാഷ്ട്രീയത്തിനാണോ താത്പര്യം എന്ന് അദ്ദേഹം ചോദിക്കുന്നു.
Comments