കോഴിക്കോട്: സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മത്സരിക്കുകയാണ്. പാർട്ടി സെക്രട്ടറി പറയുന്നതാണോ അതേ മരുമകൻ പറയുന്നതാണോ ശരിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആർക്കാണ് കൂടുതൽ ലഭിക്കുകയെന്നതിന് വേണ്ടിടുള്ള കടുത്ത മത്സരമാണിവിടെ അരങ്ങേറുന്നത്. ഇതിനിടെ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുകയാണ്.എല്ലാ കാലവും ഈ ആട്ടും തുപ്പും കേരള സമൂഹം സഹിക്കുമെന്ന് വിചാരിക്കരുത്- വി മുരളീധരൻ പറഞ്ഞു.
കേരളത്തിൽ ഒരു നിലപാടും ഡൽഹിയിൽ ചെന്ന് മറ്റൊരു നിലപാടും പറയുന്ന രീതിയാണ് സിപിഎമ്മിനും സെക്രട്ടറിയിക്കുമുള്ളത്. ഷംസീറിന്റെ പരാമർശത്തിൽ വ്യക്തത ഉണ്ടാവണമെന്നും അല്ലാതെ വിവാദം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഈ നാട്ടിൽ അല്ലേ താമസിക്കുന്നതെന്നും അദ്ദേഹത്തിന് വിഷയത്തിൽ പ്രതികരിക്കാനില്ലാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ആരാഞ്ഞു. പാർട്ടി സെക്രട്ടറി പറയുന്നതാണോ അതോ മരുമകൻ പറയുന്നതാണോ ശരിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സാമുദായിക സംഘടനകളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടും വിവാദത്തിൽ ഖേദം പ്രകടിപ്പിക്കാത്ത സ്പീക്കറോടുള്ള കോൺഗ്രസിന്റെ നിലപാടും ശ്രദ്ധേയമാണ്. സ്പീക്കർ സഭ നിയന്ത്രിച്ചാൽ കോൺഗ്രസ് സഹകരിക്കുമോ. അത്തരത്തിൽ സഹകരിക്കുകയാണെങ്കിൽ കേരള സമൂഹത്തിന് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലാപാടും വ്യക്തമാക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല-അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ചടങ്ങിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പരശുരാമൻ എന്നൊക്കെ ഇനി പറയാൻ പറ്റുമോ, കാരണം അത് മിത്താവില്ലെയെന്നും അദ്ദേഹം പരിഹസിച്ചു. അമ്പലത്തിൽ കൊളുത്തുന്ന നിലവിളക്കും വീട്ടിൽ കൊളുത്തുന്ന നിലവിളക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട് . കിഴക്ക് ദിശ അറിഞ്ഞുവേണം അമ്പലത്തിൽ നിലവിളക്ക് കൊളുത്താൻ. എന്നാൽ ഒരു പൊതുവേദിയിലോ പൊതുചടങ്ങിലോ നിലവിളക്ക് കൊളുത്തുന്നത് നമ്മുടെ പൈതൃകമാണ്. കേരളം മതപരമായി നിലവിളക്കിനെ കാണുന്നു. ഗൾഫിലെ പരിപാടികളിൽ പോലും നിലവിളക്ക് കൊളുത്തുന്നു. കാരണം അവർ നിലവിളക്കിനെ കാണുന്നത് മതപരമായല്ല, മറിച്ച് കേരളത്തിന്റെ പൈതൃകമായാണ്, കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായാണ്. കേരളത്തിൽ മാത്രമാണ് വിളക്ക് കൊളുത്തുന്നത് തെറ്റാണെന്നും നിഷിദ്ധമാണെന്നുമുള്ള വാദം ചില ആളുകൾ ഉയർത്തുന്നത്. മതത്തിനപ്പുറത്താണ് പൈതൃകം, പൈതൃകം ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.
Comments