ഇന്ന് ഓഗസ്റ്റ് -7, ദേശീയ കൈത്തറി ദിനം. രാജ്യത്തെ കൈത്തറി-നെയ്ത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവത്ക്കരണം നൽകുന്നതിനുമായിട്ടാണ് കൈത്തറി ദിനം ആചരിക്കുന്നത്. 2015-ൽ ചെന്നൈയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഓഗസ്റ്റ് ഏഴ് കൈത്തറി ദിനമായി പ്രഖ്യാപിച്ചത്.
ഭാരതത്തിൽ കാർഷികമേഖല കഴിഞ്ഞാൽ പിന്നെ 43 ലക്ഷത്തിലേറെപ്പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയാണ് കൈത്തറി വ്യവസായമേഖല. തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയിൽ നിന്നാണ്. നെയ്ത്തുകാർ കൈകൊണ്ട് നെയ്തെടുത്താണ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത്.
ഏകദേശം ഒരുമാസത്തോളം സമയം അധ്വാനിച്ചാണ് സാരി നെയ്തെടുക്കുന്നത്. പക്ഷേ ഇത്രയേറെ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും നെയ്ത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിച്ചിരുന്നില്ല. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് കൈത്തറി വ്യവസായത്തിന്റെ ഉന്നമനത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കൈത്തറി ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാനായി ‘ഇന്ത്യ ഹാൻഡ്ലൂം മുദ്ര’ പതിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും 2015 ഓഗസ്റ്റ് 7-നായിരുന്നു.
ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന് തുടക്കം കുറിക്കപ്പെട്ട ഓഗസ്റ്റ് 7-നെ സ്മരിച്ചു കൊണ്ടാണ് ഈ ദിവസം കൈത്തറി ദിനമായി ആചരിക്കുന്നത്. രാജ്യത്തെ കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുക, രാജ്യത്തെ ഗുണമേന്മയുള്ള കൈത്തറി ഉത്പന്നങ്ങളെ ആഗോളവിപണിയിൽ ലഭ്യമാക്കുക, നെയ്ത്തുകാർക്ക് അർഹിക്കുന്ന പ്രാധാന്യവും പ്രതിഫലവും പ്രോത്സാഹനവും നൽകുക, കൈത്തറി വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് കൈത്തറി ദിനാചരണത്തിന്റെ
ലക്ഷ്യം.
Comments