ന്യൂഡൽഹി: പഞ്ചായത്തിരാജ് സംവിധാനം ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച സംസ്ഥാനങ്ങളിലൊന്നാണ് ജമ്മു കശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019-ൽ ആർട്ടിക്കിൾ -370 റദ്ദാക്കിയതിന് ശേഷം താഴേതട്ടിലുള്ള ജനാധിപത്യാണ് അവിടെ നിലനിൽക്കുന്നത്. ഹരിയാനയിൽ നടന്ന രണ്ട് ദിവസത്തെ പ്രാദേശിക പഞ്ചായത്ത് രാജ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ആർട്ടിക്കിൾ- 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ഗ്രാമ-ജില്ലാതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ജമ്മു കശ്മീരിൽ നടന്നു. 33,000-ൽ അധികം ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി അവിടെ താഴേതട്ടിൽ നിന്നും ജനാധിപത്യം സ്ഥാപിക്കപ്പെട്ടു. ജനങ്ങൾ ആവേശത്തൊടെയാണ് ജനാധിപത്യ പ്രക്രീയയുടെ ഭാഗമായത്”- അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച കോൺഗ്രസ് പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ഗ്രാമങ്ങളിൽ പഞ്ചായത്തീരാജ് നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവും കോൺഗ്രസ് മനസിലാക്കിയിട്ടില്ല. ശേഷം രൂപീകരിച്ച ജില്ലാ പഞ്ചായത്ത് സംവിധാനം കൃത്യമായി നടപ്പാക്കാനും അവർക്ക് സാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പഞ്ചായത്തീരാജ്, പ്രാദേശിക സ്വരാജ് എന്നിവ ശക്തിപ്പെടുത്താൻ സാധിച്ചതായും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. രണ്ട് ലക്ഷം കോടിയിലധികം രൂപയാണ് ഇതിനായി മാറ്റിവെച്ചത്. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ അവസാന വ്യക്തിയിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Comments