ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച ഹാസ്യ ചിത്രങ്ങളുടെയും കുടുംബ ചിത്രങ്ങളുടെയും ശില്പികളായിരുന്നു സംവിധായകർ സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട്. കൊച്ചിന് കലാഭവനില് ആദ്യ ‘മിമിക്സ് പരേഡ്’ അവതരിപ്പിച്ചവരാണ് ഇരുവരും. പിന്നീട് ഈ കൂട്ടുക്കെട്ട് മലയാള സിനിമയുടെ തലവരമാറ്റിയ സംവിധായകരുടെ കൂട്ടത്തിലേയ്ക്ക് ഉയർന്നു.
അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ചിത്രം വൻ വിജയമായിരുന്നു. അതുവരെ ഉണ്ടായുരുന്ന സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ചിത്രം. റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളാണ് ഇരുവരും ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രങ്ങൾ.
എന്നാൽ ഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ടുക്കെട്ട് പിരിയുകയായിരുന്നു. അഭിമുഖങ്ങളിലെല്ലാം എന്തുകൊണ്ട് പിരിഞ്ഞു എന്ന ചോദ്യത്തിന് മുന്നിൽ നിന്നും ഇരുവരും ഒഴിഞ്ഞു മാറാറാണ് പതിവ്. എന്നാൽ ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ ഒരു പരിപാടിയിൽ തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് സംവിധായകൻ സിദ്ദിഖ് തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അവതാരകനായ എം ജി ശ്രീകുമാർ ഇരുവരെയും പറ്റിയുള്ള വാർത്തകളെക്കുറിച്ച് ചോദിക്കുകയുണ്ടായി. ഇതിന് സിദ്ദിഖ് ൽകിയ ഉത്തരം ഇതായിരുന്നു. ”ഒരുപാട് നാൾ സിദ്ദിഖ്-ലാൽ എന്ന് കേട്ട് പരിചിതമായതിന് ശേഷം ഇരുവരും പിരിഞ്ഞപ്പോൾ എല്ലാവരും കരുതിയത് ഇവർ പിണങ്ങിപ്പിരിഞ്ഞു എന്നാണ്. ‘എന്നാൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്. അങ്ങനെ വേർപിരിഞ്ഞതിനുശേഷം എന്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ. ചിത്രത്തിൽ പക്ഷേ ലാൽ ഒപ്പമുണ്ടായിരുന്നു. സംവിധാനമല്ല, നിർമ്മാതാവായാണ് ലാൽ സിനിമയിൽ അന്ന് പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ല”- സിദ്ദിഖ് പറയുന്നു.
”ഞങ്ങൾ സ്വതന്ത്രമായി ചിത്രങ്ങൾ ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയത്. പിന്നീട് ഏറെ നാളുകൾക്കുശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തുകയും ചെയ്തു. അതിന്റെ പിന്നണി പ്രവർത്തകർ പോലും വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നായിരുന്നു’. അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നുപോലും അവർ ചോദിച്ചു. പിന്നീട്, ഞാൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നു”.- സിദ്ദിഖ് പറഞ്ഞു.
Comments