എറണാകുളം: കോതമംഗലത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴത്തോട്ടം വെട്ടിയ വിഷയത്തിൽ പ്രതികരിച്ച് കർഷകമോർ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ. വാഴ വെച്ചപ്പോഴും വളർന്നപ്പോഴും കുലച്ചപ്പോഴും കെഎസ്ഈബി ഒന്നും പറഞ്ഞില്ല. വാഴ കുലച്ചപ്പോൾ ലൈനിൽ തട്ടുന്നുവെന്ന് പറഞ്ഞ് വാഴത്തോട്ടം മുഴുവൻ വെട്ടി നശിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെഎസ്ഈബി പറയുന്നത് വാഴകൾ ജനങ്ങൾക്ക് ഷോക്ക് ഏൽപ്പിക്കുമെന്നും വലിയ അപകടങ്ങൾ ഉണ്ടാകുമെന്നുമാണ്. എന്നാൽ ഇത് കർഷകനോട് മാത്രം പറഞ്ഞില്ലെന്നും, വാഴ വെച്ചപ്പോഴും വളർന്നപ്പോഴും കുലച്ചപ്പോഴുമൊന്നും പറഞ്ഞില്ല. വാഴക്കുല വെട്ടാൻ മാസങ്ങൾ എടുക്കും. ഒരു ഏത്തവാഴ കുലയ്ക്കാൻ കുറഞ്ഞത് 10 മാസമെങ്കിലും എടുക്കും. ഓണം അടുത്ത് വരികയാണ്. 400 വാഴ വെയ്ക്കുമ്പോൾ എത്രമാത്രം ചിലവുണ്ടെന്ന് കർഷകർക്ക് എല്ലാം അറിയാം. എന്നാൽ കുല വെട്ടാറായപ്പോൾ കെഎസ്ഈബി സ്ഥലത്തെത്തി കർഷകനെ അറിയിക്കാതെ അതീവ രഹസ്യമായി, അതീവ വേഗത്തിൽ അദ്ദേഹത്തിന്റെ വാഴത്തോട്ടം മുഴുവൻ വെട്ടി നശിപ്പിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
എന്നാൽ സംഗതി വാർത്തയാകുകയും വിവാദമാവുകയും ചെയ്തതോടെ മന്ത്രിയും ബോർഡും പുതിയ ഭാഷ്യം ചമച്ച് രംഗത്ത് വന്നിരിക്കുകയാണ്. 220 കെവി വൈദ്യുതി ലൈനിൽ നിന്നും വാഴയിലൂടെ കരണ്ട് വന്ന് സമീപവാസികൾക്ക് അപകടമുണ്ടാകുമെന്നാണ് അവർ പറയുന്നത്. ഇതൊക്കെ ആരോടാണ് പറയുന്നത്. 220 കെവി മലയാളി കണ്ടിട്ടില്ലേ, 220 കെവി ലൈൻ കടന്നുപോകുന്ന പോസ്റ്റിന്റെ ഉയരം 110 അടി മുതൽ 220 അടി വരെയാണ്. അതിന് അടിയിൽ സാധാരണ കർഷകർ കൃഷി ചെയ്യാറുണ്ട്
നമുക്ക് ഒരു വൈദ്യുതി മന്ത്രിയുണ്ട് അദ്ദേഹം കൃഷിയെ പറ്റിയാണ് സാധാരണ ലേഖനം എഴുതുന്നത്. കൃഷി മന്ത്രി ഇതിനെ പറ്റി അറിയാത്ത ആളായിട്ടാണോ എന്ന് അറിയില്ല. ലേഖനമെഴുതുന്നത് വൈദ്യുതി മന്ത്രിയാണ്. വിഷയം കൃഷിയാണ്. വൈദ്യുതി മന്ത്രിയ്ക്ക് കൃഷിയെ പറ്റി ഇത്രയും ധാരണയുണ്ടെങ്കിൽ 70 വയസ്സുകാരനായ കർഷകനോട് ഇത്തരത്തിൽ ഇവിടെ കൃഷി ചെയ്യരുതെന്ന് നേരത്തെ പറയാമായിരുന്നു. അന്ന് ഒന്നും മിണ്ടാതെ ഇപ്പോൾ ഈ വാഴത്തോട്ടം നശിപ്പിച്ച മന്ത്രിയെ വാഴയെക്കാൾ മരവാഴ എന്നല്ലെ വിളിക്കേണ്ടത്. വൈദ്യുതി വകുപ്പുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം വാങ്ങികൊടുക്കാൻ സാധിക്കുമോ എന്ന ആലോചിക്കുമെന്നാണ് കൃഷി മന്ത്രി പറയുന്നത്, ഈ ആലോചന എന്നെങ്കിലും തീരുമോ എന്ന് അദ്ദേഹം പരിഹസിച്ചു. ചുരുക്കത്തിൽ വൈദ്യുതി മന്ത്രിയും കൃഷി മന്ത്രിയും ചേർന്ന് കർഷകന്റെ വയറ്റത്തടിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഈ കേരളമാണ് നമ്പർ വൺ എന്ന് ഞെളിയുന്നതെങ്കിൽ കർഷക രക്ഷകരെന്ന് പറയുന്നതെങ്കിൽ കർഷക രക്ഷയ്ക്ക് മറ്റന്തെങ്കിലും മാർഗ്ഗം നോക്കണം. ഈ മരവാഴ മന്ത്രിമാരും മന്ത്രിസഭയും ഭരണവും സംസ്ഥാനത്ത് തുടരണമോ എന്ന് കർഷകൻ ഗൗരവമായി ചിന്തിക്കണം. അല്ലെങ്കിൽ ഇനിയും ഇതുപോലെ കർഷകദ്രോഹ സംഭവങ്ങൾ ഉണ്ടാകും. അതിനാൽ കർഷകർ രംഗത്ത് വരണമെന്നും കുറഞ്ഞത് 4 ലക്ഷം രൂപയെങ്കിലും ഈ വയോവൃദ്ധന് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Comments